Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

റംസാന്‍ വിശേഷം
വിശുദ്ധ ഖുര്‍ആന്‍ വിശുദ്ധ റംസാന്‍
കാന്തപുരത്തിന്റെ പ്രഭാഷണം ഇന്ന്

അബുദാബി: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുടെ 'വിശുദ്ധ ഖുര്‍ആന്‍ വിശുദ്ധ റംസാന്‍' പ്രഭാഷണം ഇന്ന് രാത്രി 10 മണിക്ക് അബൂ ദാബി നാഷണല്‍ തിയേറ്ററില്‍ നടക്കും. (അബുദാബി എയര്‍പോര്‍ട്ട് റോഡ്, മുറൂര്‍ റോഡുകള്‍ക്ക് മധ്യേ ഇത്തിഹാദ് പ്രസ്സിനു സമീപം ആണ് നാഷണല്‍ തിയേറ്റര്‍)  ആയിരങ്ങള്‍ സംബന്ധിക്കുന്ന പരിപാടി വിജയിപ്പിക്കാന്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

പ്രമുഖ വ്യവസായിയും, അബൂദാബി ചേംബര്‍ ഓഫ് കൊമേഴ്സ്‌ അംഗവുമായ എം.എ.യൂസുഫ് അലി പരിപാടി ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുറഹിമാന്‍ സഖാഫി, ഡോ: എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ സംബന്ധിക്കും.

ബസ് നമ്പര്‍ 32, 52, 34, 44, 54, 56 എന്നീ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളില്‍ നാഷണല്‍ തിയേറ്ററില്‍ എത്തിച്ചേരാം. കൂടാതെ അബുദാബി എന്‍.എം.സി.ക്ക് സമീപം ബിന്‍ ഹമൂദ മസ്ജിദ്, ജവാസാത്ത് റോഡ്, അബ്ദുല്‍ഖാലിഖ് മസ്ജിദ്, പഴയ മലയാളിസമാജം പള്ളി, സയാനി അറബ് ഉഡുപ്പിക്കു സമീപമുള്ള പള്ളി, ഖാല്‍ദിയ്യ പെട്രോള്‍ പമ്പിന് പിറകുവശത്തെ പള്ളി, മുസഫ ഐകാഡ്, ശഅബിയ്യ, ബനിയാസ്, ശഹാമ എന്നീ സ്ഥലങ്ങളില്‍നിന്ന് ബസ്‌സൗകര്യം ഉണ്ടായിരിക്കും.
==========================================================

ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാരുടെ പ്രഭാഷണം ഇന്ന്

ദുബൈ: ദുബൈ ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 15 ആമത് അന്താരാഷ്ട്ര ഖുര്‍ആന്‍ പ്രഭാഷണതോടനുബന്ധിച് ആഗസ്റ്റ്‌ 12 വെള്ളിയാഴ്ച രാത്രി 9 മണിക്ക് ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പ്രഭാഷണ പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇ.കെ വിഭാഗം) ജന:സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ഓണബിള്ളി മുഹമ്മദ്‌ ഫൈസി എന്നിവര്‍ സംബന്ധിക്കും.

ശംസുല്‍ ഉലമ ഇ.കെ. ഉസ്താതിന്റെ വിയോഗത്തിന് ശേഷം 1996 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജന:സെക്രട്ടറി യാണ് സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍. മത ഭൗതിക വിദ്യാഭ്യാസ സമന്വയ കലാലയമായ ദാറുല്‍ ഹുദാ ഇസ്ലാമിക്‌ അക്കദമിയുടെ പ്രൊ. ചാന്‍സലര്‍ കൂടിയാണ് അദ്ദേഹം‍. കേരളത്തിലെ നിരവധി മഹല്ലുകളിലെ ഖാളി സ്ഥാനം വഹിക്കുന്ന അദ്ദേഹം തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് ഖാളി കൂടിയാണ്. ആനുകാലിക വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആനും തിരു ഹദീസും സമ്മേളിപ്പിച്ച് സരളമായ ശൈലിയാണ്‌ അദ്ദേഹത്തിന്റേ പ്രസംഗങ്ങള്‍.

എസ്.കെ.എസ്.എസ്.എഫ് ന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അഡ്വ: ഓണബിള്ളി മുഹമ്മദ്‌ ഫൈസി. പട്ടിക്കാട് ജാമിയ നൂരിയ്യയില്‍നിന്നും ഫൈസി ബിരുദം നേടിയ അദ്ദേഹം സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദവും, നിയമ പഠനത്തില്‍ എല്‍.എല്‍.ബി ബിരുദ ദാരിയുമാണ്.

===============================================================

ഖുര്‍ആന്‍ നന്മയുടെ വഴി കാട്ടി: സി.ഫൈസി

ദുബായ്: അധര്‍മ്മത്തില്‍ നിന്നും, അനീതിയില്‍ നിന്നും സമൂഹത്തെ നന്മയിലേക്ക് വഴി കാട്ടിയ മഹത് ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ ആന്‍ എന്ന് സി. മുഹമ്മദ്‌ ഫൈസി പ്രസ്താവിച്ചു. ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ വേദിയില്‍ പ്രഥമ ദിനം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഖുര്‍ ആനു മുമ്പ് ഇറങ്ങിയ ഗ്രന്ഥങ്ങളും, പ്രവാചകരും ഒരു നിശ്ചിത സമൂഹത്തെയാണ് ലക്‌ഷ്യം വെച്ചതെങ്കില്‍ ഖുര്‍ ആന്‍ പ്രപഞ്ചത്തെ മുഴുവനും ഉള്‍ക്കൊള്ളുന്ന മഹത് ഗ്രന്ഥമാണ്. ഖുര്‍ ആന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാ കാലത്തും എല്ലാ ജനത ക്കും വേണ്ടിയുള്ളതാണ്. മനുഷ്യര്‍ക്ക്‌ മാത്രമല്ല പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ഗുണം ചെയ്യാന്‍ വേണ്ടിയാണ് ഖുര്‍ ആന്‍ വന്നത്.

ഖുര്‍ ആന്‍ കേവലം തത്വങ്ങളല്ല, മറിച്ച് സച്ചരിതരുടെ സന്തുഷ്ടമായ പര്യവസാനവും, ധിക്കാരികളുടെ പതനവും ഖുര്‍ ആന്‍ വരച്ചു കാട്ടുന്നു. ധനവും, കഴിവും നന്മയിലേക്ക് തിരിച്ചു വിടാന്‍ നാം തയ്യാറാവണം. വാക്കും പ്രവര്‍ത്തിയും തിന്മക്കു പ്രേരകമാകരുത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖുര്‍ ആന്‍ അവാര്‍ഡ് കമ്മിറ്റി മേധാവി ആരിഫ് ജുല്‍ഫാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ശൈഖുനാ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉമ്ര കഴിഞ്ഞു നേരെ ജിദ്ദയില്‍ നിന്നും സമ്മേളന വേദിയിലെത്തിയത് സദസ്സിനെ ആവേശ ഭരിതരാക്കി. പ്രതികൂല കാലാവസ്ഥയിലും വന്‍ ജനാവലി ആയിരുന്നു പരിപാടിക്ക് എത്തിയിരുന്നത്. രിസാല സ്റ്റടി സര്‍ക്കിളിന്റെ 101 അംഗ സന്നദ്ധ സേന അല്‍ ഇസാബ സദസ്സിനു ആവശ്യമായതൊക്കെ അപ്പപോള്‍ എത്തിച്ചു കൊണ്ടിരുന്നു. സമ്മേളന വിശേഷങ്ങള്‍ ഉള്‍പ്പെടുത്തി ക്ഷണ നേരം കൊണ്ട്  പുറത്തിറക്കിയ സിറാജ് ദിനപത്രത്തിന് വേദിയില്‍ ആവശ്യക്കാര്‍ ഏറെ ആയിരുന്നു.

.