ഉദിനൂര്‍: ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരായ പ്രതിനിധികളെ തിരഞ്ഞെടുത്തത് കുട്ടിപ്പോലീസിന്റെ നിരീക്ഷണത്തില്‍. ഉദിനൂര്‍ എടച്ചാക്കൈ എ.യു.പി. സ്‌കൂളിലെ ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തേക്ക് വാശിയേറിയ തിരഞ്ഞെടുപ്പ് നടന്നത് പൊതുതിരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട്.
സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ച് അച്ചടിച്ച ബാലറ്റുപേപ്പറിലാണ് മൂന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ 300 കുട്ടികള്‍ വോട്ട് രേഖപ്പെടുത്തിയത്. ലീഡര്‍ സ്ഥാനത്തേക്ക് നാലുപേരും ഡെപ്യൂട്ടി ലീഡര്‍സ്ഥാനത്തേക്ക് മൂന്നുപേരുമാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് വിജ്ഞാപനംമുതല്‍ ഫലപ്രഖ്യാപനം വരെയുള്ള ഓരോ ഘട്ടത്തിലും വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയ. എം.വി.ആതിഷ് ലീഡറായും അഫ്ര ഖാലിദ് ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു.