തൃക്കരിപ്പൂര്‍: വര്‍ഷങ്ങള്‍ക്കു മുമ്പ് പഠിച്ചിറങ്ങിയ കൂടുകാര്‍ 53 വര്‍ഷത്തിനുശേഷം വീണ്ടും ഒരിക്കല്‍ കോടി ആപടിപ്പുരയില്‍ അവര്‍ ഒത്തകൂടി . തൃക്കരിപ്പൂര്‍ ഗവ.ഹൈസ്‌കൂളില്‍ നിന്ന് 1958ല്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി പുറത്തിറങ്ങിയ സഹപാഠികളാണ് പഴയ അധ്യാപകരോടൊപ്പം വീണ്ടും സംഗമിച്ചത്.
തൃക്കരിപ്പൂര്‍ ഗവ.ഹൈസ്‌കൂളിലെ രണ്ടാമത്തെ ബാച്ചില്‍ 80 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 21 പേര്‍ ജീവിച്ചിരിപ്പില്ല. 40 പേര്‍ സംഗമത്തിനെത്തി. ഓര്‍മകളുടെ ഇരമ്പലില്‍ പലരും കണ്ടുമുട്ടിയപ്പോള്‍ പരസ്പരം എല്ലാം മറന്ന് സൗഹൃദം പങ്കിട്ടു. പ്രായം വകവെക്കാതെ അന്നത്തെ അധ്യാപകനായിരുന്ന കെ.ടി.എന്‍.സുകുമാരന്‍ നമ്പ്യാര്‍, സി.സുബ്ബായ എന്നിവര്‍ സംഗമത്തിലെത്തി.
2007ല്‍ പയ്യന്നൂര്‍ കെ.കെ.റസിഡന്‍സിയില്‍ ഒത്തുചേര്‍ന്നെങ്കിലും എല്ലാവരെയും പങ്കെടുപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള ശ്രമത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സംഗമം നടത്താന്‍ കഴിഞ്ഞത്. സംഗമം തൃക്കരിപ്പൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വി.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ഗുരുനാഥന്മാര്‍ക്കുള്ള ഉപഹാരം റിട്ട.പഞ്ചായത്ത് സൂപ്രണ്ട് കെ.നാരായണന്‍ നായര്‍ നല്‍കി. കൂത്തുപറമ്പില്‍ നിന്നുള്ള ഡോ.കെ.വി.രാഘവന്‍ പൊന്നാട അണിയിച്ചു. കരിവെള്ളൂരിലെ കെ.പി.വെളുത്തമ്പു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ബി.സുലൈമാന്‍ ഹാജി അധ്യക്ഷനായി. എ.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
മാണിയാട്ടെ എഴുത്തുകാരന്‍ കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍, പി.ടി.നാരായണന്‍, തൃക്കരിപ്പൂരിലെ കെ.കൃഷ്ണന്‍, കരിവെള്ളൂരിലെ കെ.കൃഷ്ണന്‍, കെ.കെ.അടിയോടി, കെ.വി.രാഘവന്‍, ഗംഗാധര പൊതുവാള്‍, വി.വി.നമ്പൂതിരി, ടി.സി.മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.