സമസ്ത ഐക്യ പ്രതീക്ഷ അസ്തമിക്കുന്നുവോ ?
ലയന ശ്രമം ആത്മാര്‍ത്തമെങ്കില്‍ അവര്‍ സ്വയം തയ്യാറാവട്ടെ: ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍
കോഴിക്കോട്: സുന്നീ ഐക്യത്തെക്കുറിച്ച എ.പി വിഭാഗത്തിന്റെ പ്രസ്താവനകള്‍ ആത്മാര്‍ത്തമെങ്കില്‍ അവര്‍ യഥാര്‍ത്ഥ സമസ്തയുമായി സഹകരിക്കാന്‍ തയ്യാറായി വരികയാണ് വേണ്ടതെന്നു സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ (ഇ.കെ വിഭാഗം) ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു.
ഐക്യത്തെക്കുറിച്ച് പ്രചരണം നടത്തുമ്പോള്‍ തന്നെ എ.പി വിഭാഗം ഐക്യത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മര്‍കസ് സമ്മേളന സുവനീറില്‍ ഞങ്ങള്‍ക്കെതിരെ എഴുതിയ ലേഖനങ്ങളും, സമ്മേളനത്തിലെ പ്രസംഗംങ്ങളും, പട്ടിക്കാട് ജാമിയ നൂരിയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തിയെ തടഞ്ഞതും, മര്‍കസ് സമ്മേളന പ്രചാരണ ജാഥാ അംഗങ്ങള്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മഖാം സിയാറത്തിനുചെന്നപ്പോള്‍ ശംസുല്‍ ഉലമ ഇ.കെ ഉസ്താദിന്റെ ഖബര്‍ സിയാറത്ത് ചെയ്യാതിരുന്നതും ഇതിനു ഉദാഹരണങ്ങളാണ്.
കഴിഞ്ഞ ദിവസം സമസ്ത ആസ്ഥാനത് നടന്ന ഇ.കെ വിഭാഗത്തിന്റെ വിവിധ കമ്മിറ്റി പ്രതിനിധികള്‍ സംബന്ധിച്ച സമ്പൂര്‍ണ്ണ പ്രതിനിധി സമ്മേളനത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിലാണ് സൈനുദ്ധീന്‍ മുസ്ലിയാര്‍ ഇക്കാര്യം അറിയിച്ചത്. മര്‍കസ് 33 ആം വാര്‍ഷിക സമ്മേളനത്തില്‍ മുസ്ലിം ലീഗിന്റെ സമുന്നത നേതാക്കള്‍ പങ്കെടുത്ത പാശ്ചാത്തലത്തിലാണ് സമസ്ത തിരക്കിട്ട് ഇങ്ങിനെയൊരു യോഗം ചേര്‍ന്നത്.
സമസ്ത ഐക്യം ലീഗിന്റെ അജണ്ടയില്‍ ഇല്ല:
പി.കെ. കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ഇരു സമസ്തയുടെയും ഐക്യം മുസ്ലിം ലീഗിന്റെ പ്രത്യേക അജണ്ടയല്ലെന്നും, ഐക്യ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അവര്‍ തന്നെയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു. അതെ സമയം ലീഗിന്റെ കാര്യങ്ങള്‍ തീരുമാനമെടുക്കുമ്പോള്‍ സമസ്ത നേതാക്കളുമായി കൂടിയാലോചിക്കുന്ന രീതിയാണ് നാളിതുവരെയായി ഞങ്ങള്‍ അനുവര്‍ത്തിച്ചു പോരുന്നത്. ആ രീതി ഇനിയും തുടരുക തന്നെ ചെയ്യും.
മര്‍കസ് സമ്മേളനത്തില്‍ ലീഗ് പ്രതിനിധികള്‍ പങ്കെടുത്തത് അവര്‍ ക്ഷണിച്ചത് കൊണ്ടാണെന്നും, വിവിധ മുസ്ലിം സംഘടനകളുമായി ലീഗ് പുലര്‍ത്തുന്ന സൌഹൃദത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിനിധികളെ അയക്കുമ്പോള്‍ ഇ.കെ വിഭാഗവുമായി കൂടിയാലോചിച്ച്ചിട്ടാണ് അയച്ചത്.
സമസ്ത ഐക്യ ശ്രമം തുടരും: കാന്തപുരം
കോഴിക്കോട്: ഇരു സമസ്തകളുടെയും ലയനം സുന്നികളുടെ സ്വപ്നമാണെന്നും, എന്ത് പ്രതിബന്ധമുണ്ടായാലും ഐക്യ ശ്രമവുമായി സഹകരിക്കുമെന്ന് ആള്‍ ഇന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. സുന്നികള്‍ (എ.പി വിഭാഗം) ഐക്യത്തിന് തടസ്സം നില്‍ക്കുന്നു എന്ന വാര്‍ത്ത തെറ്റിദ്ധാരണ മൂലമാണ്. മര്‍കസ് സമ്മേളന സുവനീറിലോ, പ്രസംഗങ്ങളിലോ ഐക്യത്തിനെതിരായ ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ല. സുവനീര്‍ വായിച്ചു നോക്കിയാല്‍ ആര്‍ക്കും ഇക്കാര്യം ബോധ്യപ്പെടും. ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ഇന്ത്യയിലെത്തിയത് മര്‍കസിന്റെ ക്ഷണ പ്രകാരമാണ്. ദല്‍ഹിയിലെ ഈജിപ്ത് എംബസിയാണ് അദ്ധേഹത്തിന്റെ യാത്ര ക്രമീകരിച്ചത്. ജനു ഒമ്പതിന് കാലത്ത് 10 മണിക്ക് മര്‍കസില്‍ നടന്ന ഉലമാ സമ്മേളനത്തിലെ മുഖ്യാഥിതി അദ്ദേഹമാണ് എന്നിരിക്കെ അതെ സമയത്ത് പട്ടിക്കാട് ജാമിയ നൂരിയയില്‍ അദ്ധേഹത്തിന്റെ പരിപാടി ക്രമീകരിച്ചാല്‍ അതില്‍ പങ്കെടുക്കാന്‍ കഴിയാതെ വരുമെന്നത് സ്വാഭാവികമാണ്. മര്കസിലെ പരിപാടിക്ക് ശേഷം മുഫ്തി പട്ടിക്കാട് ജാമിയ നൂരിയയില്‍പോകാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും പട്ടിക്കാട് നിന്നും അത് തിരസ്ക്കരിക്കുകയായിരുന്നു.
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മഖാം സിയാറത്തിനു പോയ ജാഥ അംഗങ്ങള്‍ ശംസുല്‍ ഉളംയെ അവഗണിച്ചു എന്നതും വസ്തുതക്ക് നിരക്കാത്തതാണ്. അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന മുഴുവന്‍ മഹത്തുക്കള്‍ക്കും സലാം പറഞ്ഞ ശേഷം വരക്കല്‍ മുല്ലക്കോയ തങ്ങളുടെ സമീപത്തു നിന്ന് കൂട്ട പ്രാര്‍ത്ഥന നടത്തുകയാണ് ചെയ്തത്. മദീന റൌളയില്‍ ചെന്നാല്‍ സിദ്ധീഖ് (റ), ഉമര്‍ (റ) എന്നിവര്‍ക്ക് സലാം പറഞ്ഞ ശേഷം ഹബീബായ നബി (സ) യുടെ സമീപം നിന്ന് ദുആ ചെയ്യുന്ന രീതി മുസ്ലിം ലോകത്ത് പതിവുല്ലതാനെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനാ യുദ്ധം അവസാനിപ്പിച്ചു ഐക്യ ശ്രമവുമായി മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മര്‍കസ് സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയപ്പാര്ട്ടി നേതാക്ളുടെ പ്രസംഗങ്ങള്‍ കേള്‍ക്കുവാന്‍ താഴെ കാണുന്ന പേരുകളില്‍ ക്ലിക്ക് ചെയ്യുക ....
ഡോ: എം.കെ മുനീര്‍
ബഹു: അബ്ദുസ്സമദ് സമദാനി
എം.എസ്.എഫ് പ്രസിഡണ്ട് അഡ്വ പി.കെ.ഫിറോസ്
ബഹു: കെ.ടി. ജലീല്‍
ബഹു: ഉമ്മന്‍ ചാണ്ടി