തൃക്കരിപ്പൂര്‍ : ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒരുക്കിയ മെഗാ ഒപ്പന റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ അവതരിപ്പിക്കാന്‍ ക്ഷണം.
തഞ്ചാവൂര്‍ ദക്ഷിണേന്ത്യന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ശുപാര്‍ശപ്രകാരമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറില്‍നിന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചു. കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെയാണ് റെക്കോര്‍ഡ് ഒപ്പന സംഘടിപ്പിച്ചത്. ഇന്ദ്രപ്രസ്ഥത്തിലെ രാജവീഥിയില്‍ ഉദിനൂരിലെ 121 മൊഞ്ചത്തിമാരായിരിക്കും കേരളത്തിലെ നാടന്‍കലയുടെ പ്രതീകമായി അണിനിരക്കുക. ഒപ്പന ലിംക ബുക് ഓഫ് വേള്‍ഡ് റക്കോര്‍ഡില്‍ ഇടം നേടിയിട്ടുണ്ട്.
എട്ടാംതരംമുതല്‍ ഹയര്‍ സെക്കന്‍ഡറിവരെയുള്ള കുട്ടികളാണ് ഒപ്പന അവതരിപ്പിക്കുന്നത്. പരേഡിന്റെ മുന്നോടിയായുള്ള റിഹേഴ്‌സലിനും മറ്റുമായി റിപ്പബ്ലിക്ക് ദിനത്തിന്റെ ഒരാഴ്ച മുമ്പെങ്കിലും ഡല്‍ഹിയില്‍ എത്തിച്ചേരേണ്ടിവരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇക്കഴിഞ്ഞ ആഗസ്ത് 20നാണ് ലോക റെക്കോര്‍ഡ് ലക്ഷ്യമാക്കിയുള്ള ഒപ്പനയുടെ അവതരണം നടന്നത്. ഇതിന്റെ വീഡിയോ സി.ഡി. നിരീക്ഷകരുടെ സാക്ഷ്യപത്രത്തോടെ ലിംക അധികൃതര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഈ വര്‍ഷത്തെ റെക്കോര്‍ഡുകള്‍ അടുത്ത വര്‍ഷം ഒടുവിലാണ് പ്രഖ്യാപിക്കുക. പ്രശസ്ത ഒപ്പന പരിശീലകന്‍ ജുനൈദ് മൊട്ടമ്മല്‍ ആണ് ഒപ്പന ചിട്ടപ്പെടുത്തിയത്.