മാടക്കാല്‍ തൂക്കുപാലം: photo Mishab T.P |
പാലത്തിന്റെ മധ്യഭാഗത്ത് നിന്ന് താഴേക്കു വീണ ഇടയിലക്കാട് സ്വദേശി എം.കെ.മധുസൂദനന്(48) പരിക്കേറ്റു. കടപ്പുറത്ത് നിന്ന് മാടക്കാലിലേക്ക് പാലത്തിലൂടെ കുടചൂടി നടന്നു വരികയായിരുന്നു മധുസൂദനന്‍. ഏതാണ്ട് മധ്യഭാഗത്തെത്തിയപ്പോള്‍ പാലത്തിന്റെ പ്ലാറ്റ് ഫോമിനോപ്പം കായലിലേക്ക് പതിക്കുകയായിരുന്നു. ഇടതു കാലിനും ദേഹത്തും മുറിവേറ്റ മനോഹരനെ പയ്യന്നൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലത്തില്‍ കയറുകയായിരുന്ന മാടക്കാലിലെ എം.പ്രഭാകരനാ(60)ണ് വെള്ളത്തില്‍ വീണത്. ഇദ്ദേഹം നീന്തിക്കയറി.
പാലത്തിന്റെ മാടക്കാല്‍ തുരുത്തിലുള്ള കോണ്‍ക്രീറ്റ് പില്ലര്‍ നേരെ പടിഞ്ഞാറ് ഭാഗത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കായലിനടിയില്‍ പൈല്‍ ചെയ്ത് താഴ്ത്തിയിരുന്ന പിയറുകള്‍ക്ക് മുകളില്‍ നാലടിയോളം കോണ്‍ക്രീറ്റ് അടിത്തറയിലാണ് 22 മീറ്റര്‍ ഉയരമുള്ള പ്രധാന പില്ലര്‍ ഉറപ്പിച്ചിരുന്നത്. പിയറുകളില്‍ നിന്ന് അടിത്തറ അടര്‍ത്തിയെടുത്ത നിലയിലാണ് കായലില്‍ പതിച്ചത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 29ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശാണ് പാലം ഉദ്ഘാടനം ചെയ്തത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ ആണ് 3.97 കോടി ചെലവില്‍ 305 മീറ്റര്‍ നീളമുള്ള തൂക്കുപാലം നിര്‍മിച്ചത്. 100 ടണ്‍ ഉരുക്കാണ് പാലത്തിന് ഉപയോഗിച്ചത്. ഉദ്ഘാടന ദിവസം തന്നെ പാലത്തിന്റെ കൈവരി വെല്‍ഡിംഗ് ഇളകിയിരുന്നു. രണ്ടാഴ്ച മുന്പും ഇതേ ഭാഗം ഇളകി. ധാരാളം കുട്ടികള്‍ കടന്നു പോകുന്ന പാലത്തില്‍ ഭാഗ്യം കൊണ്ട് മാത്രമാണ് ദുരന്തം ഒഴിവായത്.