അഭിമാനകരമായ രണ്ടു വര്‍ഷം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദിനൂര്‍ നിവാസികള്‍ക്ക് 'തങ്ങളുടെ നാട്ടിന്റെ സ്പന്ദനങ്ങള്‍ അറിയാന്‍' എന്ന മഹത് ലകഷ്യവുമായി പിറവിയെടുത്ത ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം സംഭവ ബഹുലമായ രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഏറെ മുന്നൊരുക്കങ്ങളോ, പ്രചണ്ടമായ പ്രചാരണങ്ങളോ ഇല്ലാതെ മനുഷ്യ സ്നേഹികളായ ഏതാനും സുഹൃത്തുക്കളുടെ സഹായ സഹകരണത്തോടെ വളരെ ലളിതമായിട്ടായിരുന്നു ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമിന്റെ തുടക്കം.
ഉദിനൂരില്‍ മഹത്തായ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന ലകഷ്യവുമായി മര്‍ഹൂം ഏ.ജി. ഹസൈനാര്‍ ഹാജി സാഹിബ് 2009 ല്‍ നടത്തിയ യു.ഏ.ഇ സന്ദര്‍ശന വേളയില്‍ ആണ് 'വേണം നമുക്കും ഒരു വെബ് സൈറ്റ് ' എന്ന ആശയം ചര്‍ച്ചക്ക് വന്നത്. യുനീക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള ഒരു സൈറ്റ് ആണ് അന്ന് ചര്‍ച്ചക്ക് വന്നത് എങ്കിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സൈറ്റിന് വാര്‍ത്താ വിതരണ രംഗത്ത് സുതാര്യമായി ഇടപെടാനുള്ള പരിമിതികള്‍ മനസ്സിലാക്കിയാണ് നമ്മുടെ നാട്ടിന്റെ സ്പന്ദനങ്ങള്‍ മറു നാട്ടില്‍ സുതാര്യമായി അറിയിക്കാന്‍ വെബ് ലോകത്തെ കേമന്മാരായ ഗൂഗിള്‍ സേവന ദാതാക്കളായ ബ്ലോഗ്സ്പോട്ടില്‍ ഉദിനൂരിന്റെ പേരില്‍ ഞങ്ങള്‍ ഒരു ഡൊമൈന്‍ നെയിം രജിസ്റ്റര്‍ ചെയ്തത്. ഞങ്ങളുടെ പ്രഥമ വാര്‍ത്ത വെളിച്ചം കണ്ടിട്ട് ഈ ഡിസംബര്‍ 17 ന് രണ്ടു വര്‍ഷം തികഞ്ഞിരിക്കുകയാണ്.
എല്ലാം കുറ്റമറ്റതാണ് എന്ന അവകാശ വാദമൊന്നും ഞങ്ങള്‍ ഉന്നയിക്കുന്നില്ലെങ്കിലും രണ്ടു വര്‍ഷത്തിനിടെ വാര്‍ത്തകള്‍ വളരെ സുതാര്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. വസ്തുതകള്‍ വളച്ചുകെട്ടില്ലാതെ രേഖപ്പെടുത്തിയത് ചിലര്‍ക്കെങ്കിലും വേദനയും പ്രതിഷേധവും ഉളവാക്കിയിട്ടുണ്ട്ടകാം. പക്ഷെ ഞങ്ങള്‍ ചൂണ്ടിക്കാട്ടിയ നിയമ ലംഘനങ്ങള്‍ അപ്പാടെ തിരുത്താന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരായത് സൈറ്റിന്റെ ഉജ്ജ്വല നേട്ടമായി ഞങ്ങളുടെ രേഖയില്‍ ഉല്ലേഖനം ചെയ്തു വെച്ചിട്ടുണ്ട്. നമ്മുടെ നാട്ടിന്റെ പരമോന്നത നീതിപീടമായ മഹല്ല് ജമാഅതിന്റെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ വരെ ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം ചര്‍ച്ചക്ക് വന്നു എന്നത് അങ്ങേയറ്റം ശ്രദ്ധേയമായ കാര്യമാണ്.
ബ്ലോഗിനോട് ശക്തമായ വിയോജിപ്പുള്ളവരും, ലേഖകന്മാരെ ഭീഷണിപ്പെടുത്തിയവര്‍ പോലും ബ്ലോഗിന്റെ സ്ഥിരം സന്ദര്‍ശകരാണെന്ന വസ്തുത അറിഞ്ഞപ്പോള്‍ അങ്ങേയറ്റം അഭിമാനം തോന്നുകയാണ്. ബ്ലോഗില്‍ വന്ന ഒരു വാര്‍ത്തയുടെ ആധികാരികതയെ ചില സുഹൃത്തുക്കള്‍ ചോദ്യം ചെയ്തപ്പോള്‍ മിനിട്ടുകള്‍ക്കകം തെളിവ് നിരത്തി സത്യം ബോധ്യപ്പെടുത്താന്‍ റബ്ബിന്റെ അനുഗ്രഹത്താല്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അങ്ങിനെ പലരും സത്യം ഗ്രഹിച്ചു സഹകാരികളായിട്ടുമുണ്ട്. ബ്ലോഗിന്റെ ഒന്നാം വാര്‍ഷിക ത്തോ ടനുബന്ധിച്ചു ദുബായില്‍ നടത്തിയ ഇസ്ലാമിക് കലാമേളയുടെ വിജയം ഞങ്ങള്‍ക്ക് ഏറെ പ്രചോദനം നല്‍കിയിട്ടുണ്ട്.
ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമിനെ സംബന്ധിച്ചേടത്തോളം ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ വാര്‍ത്ത മാത്രമേ കൊടുക്കൂ എന്ന ദുരുദ്ധേശമില്ല. എല്ലാ വിഭാഗങ്ങളുടെ വാര്‍ത്തകള്‍ക്കും ഞങ്ങള്‍ അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ട്. ആ നയം കൂടുതല്‍ വിപുലപ്പെടുതാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു. ആര്‍ക്കും അവരവരുടെ വാര്‍ത്തകള്‍ ബ്ലോഗിലേക്ക് അയച്ചു തരാവുന്നതാണ്.
രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ ഐക്യത്തിന്റെ പാലം തീര്‍ക്കാന്‍ ബ്ലോഗിന് സാധിച്ചിട്ടുണ്ട്. മഹല്ലിലെ നന്മ കാംഷിക്കുന്ന മുഴുവന്‍ ജനങ്ങളെയും ഒരേ വേദിയില്‍ അണിനിരത്തുക എന്നത് ഞങ്ങളുടെ വലിയൊരു സ്വപ്നമാണ്. പ്രസ്തുത സ്വപ്ന സാക്ഷാല്‍ക്കാരതിനായുള്ള അണിയറ നീക്കങ്ങള്‍ വിജയത്തിന്റെ വക്കിലാണ്. അതിനായി നിങ്ങളോരോരുത്തരുടെയും ആത്മാര്‍ഥമായ പ്രാര്‍ത്ഥന ഉണ്ടാവണം എന്ന് സ്നേഹ പൂര്‍വ്വം ഉണര്ത്തട്ടെ.
കേവലം ഒരു ബ്ലോഗ് കൊണ്ട് സമൂഹത്തില്‍ എത്ര മാത്രം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതിന്റെ നേര്‍ സാകഷ്യം ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ നേരിട്ട് ബോധ്യപ്പെടുകയുണ്ടായി. ഇന്റര്‍നെറ്റ് സംവിധാനത്തിന് ലോകത്ത് പല പരിവര്‍ത്തനങ്ങളും ഉണ്ടാക്കാന്‍ കഴിയുമെന്ന് നേരിട്ട് അനുഭവിച്ചരിഞ്ഞവരാണ് ആധുനിക സമൂഹം. അത് കൊണ്ട് മാന്യ സന്ദര്‍ശകരോട് സ്നേഹ ബുദ്ധ്യാ ഒരു കാര്യം ഉണര്‍ത്തട്ടേ ! സൈബര്‍ സംവിധാനത്തെ നന്മക്കു വേണ്ടി മാത്രം നാം ഉപയോഗപ്പെടുത്തുക. അല്ലെങ്കില്‍ അത് നമ്മുടെ ദുനിയാവും ആഖിറവും നഷ്ടപ്പെടുത്തും !! നാഥന്‍ കാക്കുമാറാകട്ടെ ആമീന്‍.
പിന്നിട്ട പാതയില്‍ സഹായങ്ങളും സഹകരണങ്ങളും നല്‍കിയവര്‍ക്കും, ബ്ലോഗിന്റെ മുഴുവന്‍ സന്ദര്‍ശകര്‍ക്കും, പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും അറിയിച്ചവര്‍ക്കും, സേവന തല്പരതയോടെ വാര്‍ത്തകള്‍ എത്തിച്ചു തരുന്ന ലേഖകന്മാര്‍ക്കും, വിവിധ സംഘടനാ ഭാരവാഹികള്‍ക്കും, ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ഗൂഗിള്‍ ബ്ലോഗ്സ്പോടിനും സഹോദര സൈറ്റുകള്‍ക്കും, ഹൃദയംഗമായ ഒരായിരം നന്ദി അറിയിക്കുകയാണ്. നാഥന്‍ നന്മയുടെ വിള നിലമാകാന്‍ നമുക്കേവര്‍ക്കും തൌഫീഖ് നല്കുമാറാകട്ടെ ...... ആമീന്‍
സസ്നേഹം
ടി.സി. ഇസ്മായില്‍, വെബ് എഡിറ്റര്‍
========================================================