ഉദിനൂര്‍: ഉദിനൂര്‍ ജുമാ മസ്ജിദിനു സമീപത്തെ എ.കെ.അബ്ദുല്‍ ലത്തീഫ് (എഞ്ചിനീയര്‍) ഓര്‍മ്മയായി. ഇന്ന് (വ്യാഴം) ഉച്ചക്ക് മൂന്ന് മണിക്ക് കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോഴിക്കോട് റീജനല്‍ പവര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകനും കോഴിക്കോട് ചീഫ് എഞ്ചിനീയര്‍ ഓഫീസിലെ അസിസ്റ്റന്റ്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുമായ അബ്ദുല്‍ ലത്തീഫ് വ്യാഴാഴ്ച കാലത്ത് അസിസ്റ്റന്റ്റ് എഞ്ചിനീയര്‍മാര്‍ക്കുള്ള പരിശീലന പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചക്ക് മൂന്നോടെ മരണം സംഭവിക്കുകയായിരുന്നു.
ഏതാനും വര്‍ഷം മുന്‍പ് ഹൃദ്രോഗ ബാധയെ തുടര്‍ന്ന് പേസ് മേക്കര്‍ ഘടിപ്പിച്ചിരുന്നു. ഉപകരണം പ്രവര്‍ത്തന രഹിതമായതാണ് മരണത്തിനിടയാക്കിയതെന്ന് കരുതുന്നു. വൈകിട്ടോടെ മയ്യിത്ത് ഉദിനൂരിലെ വസതിയില്‍ എത്തിച്ചു. കുവൈത്തില്‍ നിന്നും സഹോദരന്‍ ഷാഹുല്‍ ഹമീദും, ദുബായില്‍ നിന്നും ഭാര്യാ സഹോദരങ്ങളും നാട്ടിലെത്തിയാല്‍ മയ്യിത്ത് വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ ഉദിനൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കു മെന്നു ബന്ധുക്കള്‍ അറിയിച്ചു.
നേരത്തെ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്ത അദ്ദേഹം ഇപ്പോള്‍ കുടുംബ സമേതം കോഴിക്കോട് താമസിക്കുകയായിരുന്നു. ഭാര്യ: റസീന, മക്കള്‍ നിബ്റാസ്, നിഹാല്‍. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ശാഹുല്‍ ഹമീദ്.
==========================================================