ഉദിനൂര്‍ ഹൈസ്കൂള്‍ പി.ടി.എ ക്ക് സംസ്ഥാന തല അംഗീകാരം
തിരുവനന്തപുരം: ഉദിനൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ പി.ടി.എ ക്ക് സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച പി.ടി.എ എന്ന അംഗീകാരം ലഭിച്ചു. 2 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. പി.പി കരുണാകരന്‍ പ്രസിടന്റായുള്ള പി.ടി.എ കമ്മിറ്റിയുടെ മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാന തല അംഗീകാരം ലഭിക്കാന്‍ കാരണമായത്.
വിദ്യാഭ്യാസ രംഗത്തെ മികവ്, ശുചിത്വം, കലാ കായിക രംഗത്തെ നേട്ടങ്ങള്‍, സ്കൌട്ട് ആന്റ് ഗൈട്സിന്റെയും, കുട്ടിപ്പോലീസിന്റെയും, പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയവയിലെ മികവാണ് സ്കൂളിനെ അഭിമാനകരമായ ഈ നേട്ടത്തിന് അര്‍ഹാമാക്കിയത്.
ജില്ലയില്‍ സര്‍ക്കാര്‍ സ്കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്താനും, മികച്ച വിജയ ശതമാനം ഉണ്ടാക്കാനും കഴിഞ്ഞു. പോയ വര്ഷം 262 പേര്‍ പരീക്ഷ എഴുതിയതില്‍ 261 പേരും വിജയിച്ചിരുന്നു. ഇതില്‍ 19 പേര്‍ക്ക് എ പ്ലസ് ലഭിച്ചു. നിരവധി തവണ സ്കൂള്‍ നൂറു മേനി വിജയം നേടിയിട്ടും ഉണ്ട്. മികച്ച ഒരു ഫുട്ബോള്‍ ടീം സ്കൂളിനുണ്ട്. കഴിഞ്ഞ വര്ഷം നടന്ന സുബ്രതോ മുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. സ്കൌട്ട് ആന്റ് ഗൈട്സില്‍ 44 കുട്ടികള്‍ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
4 വര്‍ഷത്തോളമായി പി.പി.കരുണാകരന്‍ ആണ് പി.ടി.എ പ്രസിടന്റ്റ്. കെ.സി.ബാല കൃഷ്ണന്‍ സ്കൂള്‍ പ്രിന്‍സിപ്പാളും, കെ.രവീന്ദ്രന്‍ ഹെഡ്മാസ്ടരും ആണ്. സ്കൂളില്‍ ഇപ്പോള്‍ 1500 വിദ്യാര്‍ഥികള്‍ പഠിക്കുന്നു.