ദുബൈ രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഈ വര്‍ഷവും
മര്‍കസ് വിദ്യാര്‍ഥി
മര്‍കസ് വിദ്യാര്‍ഥി
ദുബൈ: രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ മര്‍കസ് വിദ്യാര്‍ഥി ശമീര്‍ എത്തി. നാളെ മുതല്‍ മംസാര്‍ കള്‍ച്ചര്‍ ആന്റ് സയന്റിഫിക് അസോസിയേഷന്‍ ഹാളിലാണ് മത്സരങ്ങള്‍. ആറാം തവണയാണ് മര്‍കസ് വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭ്യമാകുന്നത്. പോയ വര്‍ശങ്ങളില്‍ സിറാജ് ആലിപ്പറമ്പ്, ഉമര്‍ ഓമശ്ശേരി, ലത്വീഫ് കോടമ്പുഴ, സയ്യിദ് ഇബ്രാഹീം ഹൈദരാബാദ്, ജാബിര്‍ ഹംസ പത്തായക്കല്ല് എന്നിവര്‍ എത്തിയിരുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികളോടാണ് ഇവര്‍ മാറ്റുരച്ചത്.
2009ല്‍ നടന്ന മത്സരത്തില്‍ മര്‍കസ് വിദ്യാര്‍ഥിയായ സയ്യിദ് ഇബ്രാഹീം ഒന്നാം സ്ഥാനം നേടിയിരുന്നു. 85 രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെയാണ് അന്ന് ഇബ്രാഹിം മറികടന്നത്. മറ്റുള്ള വര്‍ഷങ്ങളിലും മര്‍കസ് വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായും സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷം മലപ്പുറം ജില്ലയിലെ ചേറൂര്‍ സ്വദേശി മര്‍ഹൂം കൊടക്കല്ല് മുഹമ്മദ് കുട്ടി ഹാജിയുടെയും കൊടുവായൂര്‍ സ്വദേശിയായ ഖജീദയുടെയും ഏഴു മക്കളില്‍ ഇളയവനായ ശമീറിനാണ് അവസരം ലഭിച്ചത്. 11-ാം വയസില്‍ മര്‍കസില്‍ ഹിഫ്സില്‍ ചേര്‍ന്നു. മൂന്നു വര്‍ഷം കൊണ്ട് ഹിഫ്സ് പൂര്‍ണമാക്കി.
കഴിഞ്ഞ വര്‍ഷം ഈജിപ്തില്‍ നടന്ന 22 രാഷ്ട്രങ്ങള്‍ പങ്കെടുത്ത ഖുര്‍ആന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ ഇരുപതുകാരന്‍ ഇപ്രാവശ്യം ദുബൈയിലെ 85 രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ മാറ്റുരക്കുന്ന മത്സരത്തില്‍ തന്റെ മികവ് തെളിയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. തിരുവനന്തപുരത്ത് 2008ല്‍ നടന്ന മത്സരത്തിലും 2005ല്‍ കാസര്‍കോട് നടന്ന സംസ്ഥാന സ്‌കൂള്‍ സാഹിത്യോത്സവിലും ഖുര്‍ആന്‍ പാരായണത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
ദുബൈ രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ 70 ഓളം രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലായി മറ്റു രാഷ്ട്രങ്ങളിലെയും മത്സരാര്‍ഥികള്‍ എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇവിടെ എത്തിയ ഉടന്‍ പ്രാഥമിക പരീക്ഷ കഴിഞ്ഞതിനു ശേഷമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുകയുള്ളൂ. കഴിഞ്ഞ വര്‍ഷങ്ങളില്‍ പല വിദ്യാര്‍ഥികളും പ്രാഥമിക പരീക്ഷയില്‍ പരാജയപ്പെട്ടകാരണത്താല്‍ മടക്കി അയക്കപ്പെട്ടിരുന്നു.