Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ജൂൺ 6, തിങ്കളാഴ്‌ച

തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് പറയാനുള്ളത് അവഗണനയുടെ കഥ മാത്രം.

തൃക്കരിപ്പൂര്‍: മഴ കനത്തതോടെ തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രകാരും ബുദ്ധിമുട്ടിലായി. കാത്തിരുന്ന മഴ നിറുത്താതെ ദിവസങ്ങളോളം തിമര്‍ത്തു പെയ്തപ്പോഴാണ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും റെയില്‍വേ സ്റ്റേഷനും പരിസരവും ഒരുപോലെ ദുരിതമായി മാറിയത്

            മൂത്രപ്പുര, കക്കൂസ്, കുടിവെള്ള വിതരണം തുടങ്ങിയവയൊന്നും സ്റ്റേഷനില്‍ നിലവിലില്ല. ഒരുവര്‍ഷം മുമ്പ് ആരംഭിച്ച പ്ലാറ്റ്‌ഫോമിന്റെ നിര്‍മാണപ്രവൃത്തി ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ് .അശാസ്ത്രീയമായ നിര്‍മാണ പ്രവൃത്തിയെത്തുടര്‍ന്ന് പ്ലാറ്റ്‌ഫോറത്തിന്റെ സിമന്റ് വേലി തകര്‍ന്നുവീഴുകയും വിള്ളലുണ്ടാവുകയും ചെയ്തിരുന്നു. കടപുഴകി വീണ വേലി പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് വിളക്കുകാലിലും പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ്. സ്റ്റേഷനില്‍ ഒന്നരവര്‍ഷം മുമ്പ് പ്രഖ്യാപിച്ച പ്ലാറ്റ്‌ഫോറം വികസനമാണ് ഇപ്പോള്‍ നടക്കുന്നത്. സ്റ്റേഷന്റെ മുന്നിലുള്ള പ്ലാറ്റ്‌ഫോറം ഉയര്‍ത്തുന്നതിനോ സ്റ്റേഷന്റെ വടക്കുഭാഗത്ത് സ്റ്റേഷനും ഇപ്പോള്‍ നിര്‍മിക്കുന്ന പ്ലാറ്റ്‌ഫോറത്തിനുമിടയില്‍ 150 മീറ്റര്‍ ഒഴിഞ്ഞുകിടക്കുന്ന ഭാഗത്ത് പ്ലാറ്റ്‌ഫോറം നിര്‍മിക്കുന്നതിനോ നടപടിയെടുത്തിട്ടില്ല.
                      മുന്‍ റെയില്‍വേ സഹമന്ത്രി ഇ.അഹമ്മദ് പ്രഖ്യാപിച്ച ഫുട്ട് ഓവര്‍ബ്രിഡ്ജ്, റെയില്‍വേ സ്റ്റേഷന്‍ നവീകരണം തുടങ്ങിയവ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. ഇതില്‍ കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ സൗകര്യം മാത്രമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടുമാസം മുമ്പ് അറ്റകുറ്റപ്പണി നടന്ന നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടവും ഇപ്പോള്‍ ചോര്‍ന്നൊലിക്കുകയാണ്. ചോര്‍ച്ചയെത്തുടര്‍ന്ന് സ്റ്റേഷനില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. ഓഫീസിനകത്തെ ഫയലുകളും കമ്പ്യൂട്ടറും നനയാതിരിക്കാന്‍ ജീവനക്കാര്‍ ഏറെ പാടുപെടുന്ന അവസ്ഥയാണ് ഇപ്പോള്‍ കാണാനാവുന്നത് .
                റെയില്‍വേ സ്റ്റേഷന്‍ ബ്ലോക്ക് സ്റ്റേഷനായി ഉയര്‍ത്തുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവിധ സംഘടനകള്‍ പ്രക്ഷോഭരംഗത്താണ്. കഴിഞ്ഞദിവസം പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ റെയില്‍വേ വികസനത്തിനായി കമ്മിറ്റി രൂപവത്കരിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ കൂടുതല്‍ സമര മുറകള്‍ അരങ്ങില്‍ എത്തുമ്പോഴും , വികസന സ്വപ്നവും കാത്തിരുക്കുകയാണ് യാത്രക്കാരും ഒപ്പം നാടുകാരും .