സമുദായം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഖുറാന്‍ പഠിപ്പിക്കുന്നവനും, അത് പഠിക്കുന്നവനും ആണെന്ന് പ്രവാചകര്‍ (സ) സമുദായത്തെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ കേരളത്തിലെ ആയിരക്കണക്കായ മദ്രസകളില്‍ ഖുറാനും അനുബന്ധ വിജ്ഞാനവും പഠിപ്പിക്കുന്ന പതിനായിരക്കണക്കിനു മുഅല്ലിംകളുടെ ഉപജീവനം ഏറെ പരിതാപകരമായ നിലയിലൂടെയാണ് കടന്നു പോകുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് അനുദിനം വില ഉയരുമ്പോഴും, ജീവിതചിലവുകള്‍ ആകാശം മുട്ടെ ഉയരുമ്പോഴും കോരന് കഞ്ഞി കുമ്പിളില്‍ എന്ന പോലെ ഉസ്താദ്മാര്‍ക്ക് പഴയ ഉലുവ തന്നെയാണ് പലേടത്തും ശമ്പളം.
ഒരു വിശ്വാസിയുടെ ഐഹികവും, പാരത്രികവുമായ വിജയത്തിനുള്ള സകല അറിവുകളും ശിക്ഷണങ്ങളും നല്‍കുന്ന ആ വിഭാഗത്തിനാണ് സത്യത്തില്‍ പ്രപഞ്ചത്തിലെ ഏറ്റവും നല്ല വേതനം ലഭിക്കേണ്ടിയിരുന്നത്, ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ സമുദായം ഈ വിഷയത്തില്‍ ഇനിയും ബോധാവാന്മാരായിട്ടില്ല എന്ന് വേണം കരുതാന്‍.
മുഅല്ലിംകളെ മറ്റു അവശ വിഭാഗത്തില്‍ പെടുത്തി 2 രൂപയ്ക്കു അരി കൊടുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ വാര്‍ത്ത സ്വാഗതം ചെയ്യുന്നതിന് മുമ്പ് ഒരു കാര്യം എന്നോടും, നിങ്ങളോടും ചോദിക്കട്ടെ ? സര്‍ക്കാരിന്റെ അവശ വിഭാഗം പട്ടികയിലേക്ക് എഴുതിത്തളേളണ്ടവരാണോ പ്രവാചകന്മാരുടെ അനന്തരാവകാശികളായ പണ്ഡിത വര്‍ഗ്ഗം ?
മതിയായ വേതനം ലഭിക്കുന്നില്ല എന്ന തിരിച്ചറിവാകണം ഈ മേഖലയിലേക്ക് പുതിയ ആളുകള്‍ കടന്നു ചെല്ലാന്‍ മടിക്കുകയാണ് ഇന്ന്. ഈ നില തുടര്‍ന്നാല്‍ ഭാവി തലമുറയ്ക്ക് ദീന്‍ പകര്‍ന്നു കൊടുക്കാന്‍ ആളെ കിട്ടാത്ത അവസ്ഥ വരും. സമുദായം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സുന്നീ ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇരുപതാം വാര്‍ഷിക സമ്മേളന സമാപനത്തോടനുബന്ധിച്ചു പാലക്കാട് നടന്ന പടുകൂറ്റന്‍ റാലി |