തൃക്കരിപ്പൂര്‍ പഞ്ചായത്ത് യു.ഡി.എഫും
പടന്ന എല്‍.ഡി.എഫും നിലനിര്‍ത്തി.
ഉദിനൂര്‍: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആവേശോജ്ജ്വല തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ല. പതിവ് പോലെ തൃക്കരിപ്പൂര്‍ പഞ്ചായത്ത് യു.ഡി.എഫും, പടന്ന എല്‍.ഡി.എഫും നിലനിര്‍ത്തി. ഇതില്‍ തൃക്കരിപ്പൂരില്‍ എല്‍.ഡി.എഫും, പടന്നയില്‍ യു.ഡി.എഫും നില മെച്ചപ്പെടുത്തി.
തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ ആകെയുള്ള 21 സീറ്റില്‍ 16 എണ്ണം യു.ഡി.എഫും 5 എണ്ണം എല്‍.ഡി.എഫും കരസ്ഥമാക്കി. പ്രബല കക്ഷിയായ മുസ്ലിം ലീഗ് മത്സരിച്ച പത്തു സീറ്റില്‍ പത്തും കരസ്ഥമാക്കി മികവു തെളിയിച്ചപ്പോള്‍ കൊണ്ഗ്രസിനു നേരത്തെ ആറ് സീറ്റുണ്ടായിരുന്നത് നാലായി ചുരുങ്ങി. പഞ്ചായത്തില്‍ കേവലം രണ്ടു സീറ്റ് മാത്രം ഉണ്ടായിരുന്ന സി.പി.എം ആകട്ടെ 5 സീറ്റ് നേടി നില മെച്ചപ്പെടുത്തി. സ്വതന്ത്രന്മാരെ കൂട്ട് പിടിച്ചു ചില വാര്‍ഡുകളില്‍ മികച്ച പോരാട്ടം നടത്താനും അവര്‍ക്ക് സാധിച്ചു. ഇതില്‍ നാത്തൂന്മാര്‍ പോരിനിറങ്ങിയ കൈക്കോട്ടു കടവിലും, ഐ.എന്‍.എല്‍ സ്വതന്ത്രനെ ഇറക്കിയ പൂവളപ്പിലും, ഒളവറയിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്. എന്നാല്‍ ജമാ അത്തെ ഇസ്ലാമിയുടെയും, എന്‍.ഡി.എഫിന്റെയും രാഷ്ട്രീയ മോഹങ്ങള്‍ ത്രിക്കരിപ്പൂരിന്റെ മണ്ണില്‍ ക്ലച്ചു പിടിച്ചില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്. തൃക്കരിപ്പൂരില്‍ മുസ്ലിം ലീഗിലെ എ.ജി.സി ബഷീര്‍ 892 ന്റെ മൃഗീയ ഭൂരിപക്ഷം നേടി.
പടന്നയിലാകട്ടെ ആകെയുള്ള 14 സീറ്റില്‍ എല്‍.ഡി.എഫ് 8 ഉം, യു.ഡി.എഫ് 6 ഉം സീറ്റുകള്‍ നേടി. ഇവിടെ മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.വി.മുഹമ്മദ് അസ്ലം 630 വോട്ടിന്റെ വന്‍ ഭൂരിപക്ഷം നേടി. ഉദിനൂര്‍ നിവാസികള്‍ സമ്മതിദാനം രേഖപ്പെടുത്തിയ ഉദിനൂര്‍ സൌത്തില്‍ എല്‍.ഡി.എഫിലെ സി.കുഞ്ഞികൃഷ്ണന്‍ മാസ്ടരും, പെക്കടത് യു.ഡി.എഫിലെ പി.വി.പദ്മജയും വിജയിച്ചു.