താജുല്‍ ഉലമ നഗര്‍: താജുല്‍ ഉലമ നഗരിയില്‍ ആദര്‍ശ യൗവ്വനം കരുത്തുകാട്ടിയിരിക്കുന്നു. കേരളത്തിന്റെ വര്‍ത്തമാനം തന്നെ ഈ നഗരിയിയെ ചുറ്റിപ്പറ്റിയായിരുന്നു കഴിഞ്ഞ മണിക്കൂറുകളില്‍. ഒരു പ്രവാഹം തന്നെയാണ് ഈ വയല്‍പ്പരപ്പിലേക്ക് കഴിഞ്ഞ മൂന്നു ദിനങ്ങളിലും. കാല്‍ലക്ഷം പ്രതിനിധികള്‍ക്ക് പുറമെ പിന്നെയും പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ വന്നുകൊണ്ടിരിക്കുന്നു. ആശംസിക്കാനും ആശീര്‍വദിക്കാനുമായി രാഷ്ട്രീയ സാംസ്കാരിക പൊതുമണ്ഡലങ്ങളിലെ പ്രമുഖരും. വിജ്ഞാനനഗരിയുടെ പുതുമ പകര്‍ത്താന്‍ പൊതുജനവും ഏറെ എത്തുന്നുണ്ട് ഇവിടേക്ക്. വാര്‍ത്തയിലൂടെ വായിച്ചറിഞ്ഞ നഗരി കാണാന്‍ സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരുമെത്തിയതും കൗതുകമായി. കേവലമൊരു ആള്‍ക്കൂട്ടത്തിന് പകരം പുതിയൊരു സമ്മേളന സംസ്കാരം കേരളത്തിന് പരിചയപ്പെടുത്തിയ താജുല്‍ ഉലമ നഗരി അത്ഭുതമായിരിക്കുന്നു. കേട്ടവര്‍ക്കും വന്നവര്‍ക്കും കണ്ടവര്‍ക്കും സമ്മേളനത്തെ കുറിച്ച് പറയാന്‍ നൂറുനാവ്. പ്രസ്ഥാനിക കരുത്തിന്റെ വിളംബരമായി സംഘടനാ പഠനവും ആദര്‍ശപഠനവും നടക്കുന്നതിനൊപ്പം കേരളത്തിന്റെ പൊതുജീവിതവുമായി ബന്ധപ്പെട്ട നാനാതരത്തിലുള്ള ചര്‍ച്ചകളാണ് ഈ സമ്മേളനത്തെ വ്യത്യസ്തമാക്കുന്നത്. ഒരേ സമയം നാലു വേദികളിലും നേരത്തെ രജിസ്റ്റര്‍ ചെയ്ത് ബാഡ്ജ് ധരിച്ച പ്രതിനിധികള്‍. എല്ലാം അതത് മേഖലയുമായി ബന്ധപ്പെട്ടവര്‍ മാത്രം. പ്രസംഗിക്കാനും വിഷയാവതരണത്തിനും വിഷയവുമായി ബന്ധപ്പെട്ട പ്രമുഖരുടെ നീണ്ട നിര. സുന്നിപ്രസ്ഥാനത്തിന്റെ സംഘടനാ ശേഷി താജുല്‍ ഉലമ നഗരിയുടെ കവാടം കടക്കുന്നതോടെ തന്നെ കാണാനാവും. ദേശീയപാതക്കും സംസ്ഥാന പാതക്കുമിടയിലെ നൂറോളം ഏക്കര്‍ വയല്പ്പരപ്പില് സുന്നികേരളത്തിന്റെ ഭാവിയിലേക്കുള്ള വിത്തുവിതക്കുകയാണിവര്. നേരിന്റെ നേരവകാശികള്‍ കൊയ്തെടുക്കും ഇനി ഈ വിളവുകള്‍. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഇസ്ലാമിന്റെ സന്ദേശവും സൗന്ദര്യവും വിളിച്ചോതുന്നതായിരുന്നു ഓരോ സെഷനുകളും. എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ മഹാസമ്മേളനം നാളെ നടക്കും. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മഹാസമ്മേളനം വിജയാഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സുന്നികേരളം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെയും മാപ്പിള പൈതൃകത്തിന്റെയും ആയുര്‍വേദ പാരമ്പര്യത്തിന്റെയും മണ്ണ് നാളെ ജനലക്ഷങ്ങളുടെ സംഗമത്തിന് സാക്ഷിയാകും. തുടക്കം മുതല്‍ മലയാളിയെ അത്ഭുതപ്പെടുത്തുന്ന ചരിത്രസംഗമത്തിന്റെ സമാപനം അക്ഷരാര്‍ത്ഥത്തില്‍ കേരളം കണ്ട വലിയ ജനമുന്നേറ്റങ്ങളിലൊന്നായി മാറും. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലെത്തുന്ന മഹാസമ്മേളനം മുസ്ലിം കേരളം ഏറ്റെടുക്കുന്നതോടെ മഹാപ്രവാഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരും ഈ നഗരിക്ക്. നാളെ വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ സമാപന സമ്മേളനം പ്രതീക്ഷകളോടെയാണ് കേരളം നോക്കിക്കാണുന്നത്. സമാപന സമ്മേളനത്തിനായി വിലുലമായ സൗകര്യങ്ങളാണ് നഗരിയിലും പരിസരത്തുമായി ഒരുക്കിയിരിക്കുന്നത്. ഇന്ന് രാത്രി മുതല്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രവര്‍ത്തകര്‍ കോട്ടക്കലിലേക്ക് എത്തിത്തുടങ്ങും.