തൃക്കരിപ്പൂര്‍ : ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജുക്കേഷന്‍ (IAME) സംസ്ഥാന തലത്തില്‍ മുന്നൂറോളം സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ സ്ക്കോളര്‍ഷിപ്പ് പരീക്ഷയില് തൃക്കരിപ്പൂര്‍ മുജമ്മഉ ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ രണ്ടാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി വഫ മുഹമ്മദലി ഒന്നാം റാങ്ക് നേടി.
കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദു റബ്ബ് വഫ മുഹമ്മദലിക്ക് സ്വര്‍ണ്ണമെഡല്‍ സമ്മാനിച്ചു. തൃക്കരിപ്പൂര്‍ തങ്കയത്ത് താമസിക്കുന്ന മുഹമ്മദലിയുടെയും ജസീലയുടെയും മകളാണ് വഫ. സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാര്‍ഡ് മന്ത്രിയില്‍ നിന്നും മുജമ്മഉ മാനേജര്‍ ജാബിര്‍ സഖാഫി ഏറ്റുവാങ്ങി.