Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2013, ജനുവരി 7, തിങ്കളാഴ്‌ച

പ്രവാസി ഭാരതീയ ദിവസ് കൊച്ചിയില്‍ ആരംഭിച്ചു. ഒന്നാം ദിനം ‘പ്രവാസി പരാതി ദിവസ്’


കൊച്ചി : പതിറ്റാണ്ടുകള്‍ നീണ്ട പ്രവാസജീവിതത്തിനിടയിലെ കഷ്ടപ്പാടുകളും നൂലാമാലകളും ഇപ്പോഴും തുടരുന്നതിന്റ്റെ വേദന പറഞ്ഞു തീര്ക്കാന്‍ പ്രവാസികള്‍ക്ക് ഒരു ദിവസം പോരായിരുന്നു.ഗള്‍ഫിലെ തങ്ങളുടെ പറഞ്ഞു തീരാത്ത കഥകളോടെയാണ് പ്രവാസി ഭാരതീയ ദിവസിലെ ആദ്യ ദിനത്തിലെ ചര്‍ച്ച അവസാനിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ എന്ന വിഷയത്തില്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലെ ഒമാന്‍ ഹാളിലായിരുന്നു ചര്‍ച്ചകള്‍ നടന്നത് .ഗള്‍ഫില്‍ വിമാനമിറങ്ങുമ്പോള്‍ എംബസി അധികൃതരില്‍ നിന്നുള്ള ആദ്യ അവഗണനയില്‍ തുടങ്ങി മടങ്ങിയെത്തി സ്വന്തം നാട്ടില്‍ പ്രവാസി ജീവിതം നയിക്കേണ്ടി വരുന്ന ഗതികേടിലേക്ക് വരെ വേദനകള്‍ പടര്‍ന്നു കയറി. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ഗള്‍ഫ് യാത്രക്കാരോട് കാട്ടുന്ന ചിറ്റമ്മ നയം ഏറെ പ്പേരും ചൂണ്ടിക്കാട്ടി.എയര്‍ കേരള യാഥാര്‍ഥ്യമാക്കാന്‍ എന്ത് ത്യാഗത്തിനും തയാറാണെന്ന പ്രഖ്യാപനങ്ങളും ഇവരിലേറെപ്പേരും നടത്തി.
ഗള്‍ഫിലെ അവധി മാസങ്ങളടങ്ങുന്ന ജൂണ്‍,ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഒരു മാനദണ്ഡവുമില്ലാതെയാണ് എയര്‍ ഇന്ത്യ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നത്..
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും നേരിട്ട് ഉണ്ടായിരുന്ന വിമാന സര്‍വീസുകള്‍ ഇല്ലാതായിട്ട് വര്‍ഷങ്ങളായി. പ്രവാസികളുടെ യാത്രാ പ്രശ്നം ചര്‍ച്ച ചെയ്യുന്ന സെഷനില്‍ വ്യോമയാന മന്ത്രിയുടെയോ മലയാളിയായ സഹമന്ത്രി കെ.സി. വേണുഗോപാലിന്റ്റെ എങ്കിലും സാന്നിധ്യം ഉറപ്പാക്കേണ്ടിയിരുന്നെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
സൗദി അറേബ്യയില്‍ സ്പോണ്‍സര്‍മാര്‍ പാസ്പോര്‍ട്ട് കൈവശം വെക്കുന്ന രീതി വലിയ പ്രശ്നങ്ങളാണുണ്ടാക്കുന്നത്. ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്നു. പാസ്പോര്‍ട്ട് പുതുക്കേണ്ടി വരുമ്പോള്‍ സ്പോണ്‍സറുടെ കത്ത് വേണമെന്ന നിബന്ധന ചില രാജ്യങ്ങളില്‍ നിലനില്‍ക്കുന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ വിദേശിയായ സ്പോണ്‍സറുടെ കത്ത് നല്‍കാന്‍ എംബസി അധികൃതര്‍ നിര്‍ബന്ധം ചെലുത്തുന്ന രീതിക്ക് പരിഹാരമുണ്ടാക്കണം.
പാസ്പോര്‍ട്ടിലെ ചെറിയ പ്രശ്നങ്ങളുടെ പേരില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ തന്നെ യാത്രക്കാരനെതിരെ തിരിയുന്ന നടപടിക്കെതിരെ ശക്തമായ നടപടിയുണ്ടാകണം. ചെറിയ കുറ്റങ്ങളുടെയും തന്റ്റെതല്ലാത്ത ചെയ്തികളുടേയും പേരില്‍ നൂറുകണക്കിന് ഇന്ത്യാക്കാരാണ് ഗള്‍ഫിലെ വിവിധ ജയിലുകളില്‍ നരകയാതന അനുഭവിച്ച് ജയിലില്‍ കഴിയുന്നത്. ഇവര്‍ക്ക് നിയമസഹായം ലഭിക്കുന്ന സംവിധാനമില്ല.
ഗള്‍ഫില്‍ മരണം സംഭവിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒട്ടേറെ നൂലാമാലകള്‍ നിലനില്‍ക്കുകയാണ്. അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ പോലും എംബസി ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കാറില്ല.ഒന്നും രണ്ടും മാസങ്ങളാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ടിവരുന്നത്. ഇതിനുള്ള ചെലവ് കോണ്‍സുലേറ്റ് വഹിക്കുന്ന നയമുണ്ടാക്കണം,മുഖ്യമന്ത്രി ഗള്‍ഫിലെത്തി പ്രവാസി സമ്പര്‍ക്ക പരിപാടി നടത്തണം. നാട്ടിലേക്ക് സ്വര്‍ണം കൊണ്ടുവരാവുന്നതിന്‍െറ പരിധി വര്‍ധിപ്പിക്കണമെന്നും രേഖകളുടെ അറ്റസ്റ്റേഷന് കേരളത്തില്‍ കേന്ദ്രം തുടങ്ങണം ,ഉന്നത വിദ്യാഭ്യാസത്തിന് ഗള്‍ഫ് നാടുകളില്‍ സൗകര്യമില്ലാത്തതിനാല്‍ പ്രവാസികളുടെ മക്കള്‍ക്ക് നാട്ടില്‍ സാങ്കേതിക മേഖലകളിലുള്‍പ്പെടെ ഉന്നത പഠനത്തിന് സംവിധാനം ഉറപ്പാക്കണം. എന്‍.ആര്‍.ഐ ക്വാട്ടയുണ്ടാക്കി അമിത ഫീസ് ഈടാക്കുന്നതും നിര്‍ത്തണം,നോര്‍ക്ക പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കും വ്യാപിപ്പിക്കണം. എംബസികളില്‍ പ്രവാസികളുടെ കാര്യങ്ങള്‍ മികച്ച രീതിയില്‍ നിറവേറ്റാനാകുന്ന ഉദ്യോഗസ്ഥരെ നിയമിക്കണം. കൂടാതെ ഒരു മലയാളി ഉദ്യോഗസ്ഥനും ഉണ്ടാകണം, പ്രവാസികള്‍ക്ക് വോട്ടവകാശം ഏര്‍പ്പെടുത്തിയെങ്കിലും പേരുചേര്‍ക്കാന്‍ സംവിധാനമുണ്ടാക്കുകയും വോട്ട് രേഖപ്പെടുത്താന്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുകയും വേണം. ഇന്‍ഷുറന്‍സ്,പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന പദ്ധതികള്‍ നടപ്പാക്കണം. പ്രവാസി ക്ഷേമ നിധി പദ്ധതി പ്രായപരിധി 60ആക്കാനുള്ള തീരുമാനം നടപ്പാക്കണം ..എനിങ്ങനെ നീളുന്നു പ്രവാസികളുടെ ആവശ്യങ്ങള്‍ ...എന്നാല്‍ ഇതില്‍ എതോക്കെ കാര്യങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന സജീവ ചര്‍ച്ചയിലാണ് അധികാരികള്‍ ...