ചെറുവത്തൂര്‍: ചരിത്ര പ്രസിദ്ധമായ കുന്നുമ്മല്‍ മഖാം പരിസരത്ത് വെച്ച് സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പയ്യന്നൂരില്‍ നിന്നും കാഞ്ഞങ്ങാടെക്ക് പോകുന്ന ബസ്സ് എതിരെ വരികയായിരുന്ന ജീപ്പില്‍ ഇടിക്കുകയായിരുന്നു. ജീപ്പ് യാത്രക്കാരായ കാസറഗോഡ് ബേടടുക്ക സ്വദേശി എസ്.കെ ശറഫുദ്ധീന്‍, ഭാര്യ ഉമൈറ, ഡ്രൈവര്‍ ലിന്‍സി ജോണി എന്നിവരാണ് മരിച്ചത്. പ്രമുഖ വലിയ്യ് സജ്പ അബ്ദുള്ള മുസ്ലിയാര്‍ അന്ത്യ വിശ്രമം കൊള്ളുന്ന കുന്നുമ്മല്‍ മഖാം പരിസരത്ത് എത്തിയാല്‍ സാധാരണ ഗതിയില്‍ ജാതി മത ഭേദമന്യേ ഡ്രൈവര്‍മാര്‍ അവിടെ ഇറങ്ങി മഖാമിലെ ധര്‍മ്മ പെട്ടിയില്‍ സംഭാവനകള്‍ നിക്ഷേപിക്കുന്നത് പതിവാണ്. അങ്ങിനെ ചെയ്‌താല്‍ യാത്രയില്‍ അപകടങ്ങളുണ്ടാവില്ലെന്ന ഒരു വിശ്വാസം ഡ്രൈവര്‍മാരില്‍ നില നില്‍ക്കുന്നു.
അപകട സമയത്ത് ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി പറയപ്പെടുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സ് റോഡിനു കുറുകെ മറിയുകയും ജീപ്പ് തകരുകയും ചെയ്തു. നാട്ടുകാരും ഫയര്‍ ഫോഴ്സും എത്തിയാണ് അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തിയത്. ബസ്സ് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസ്സില്‍ കൂടുതലും വിദ്യാര്‍ഥികള്‍ ആയിരുന്നു.