ഗള്‍ഫ് രാജ്യങ്ങളില്‍ ചൊവ്വാഴ്ച പെരുന്നാള്‍
ദുബായ്: ചന്ദ്രപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ചൊവ്വാഴ്ച പെരുന്നാള്‍ ആയി പ്രഖ്യാപിച്ചു. ഇതോടെ കഴിഞ്ഞ ഒരു മാസക്കാലമായി തുടര്‍ന്ന് വരുന്ന വ്രതാനുഷ്ടാനങ്ങള്‍ക്കും, തറാവീ ഹ് നിസ്കാരത്തിനും സമാപനമായി. ഇനി മണ്ണും വിണ്ണും അല്ലാഹു അക്ബര്‍ എന്ന കീര്തനങ്ങളാല്‍ മുഖരിതമാകും. അതെ സമയം ചന്ദ്രപ്പിറവി ദൃശ്യമാകാതതിനെ തുടര്‍ന്ന് നാട്ടില്‍ ബുധനാഴ്ച ആയിരിക്കും
പെരുന്നാള്‍ എന്ന് ഖാസിമാരായ പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ പ്രഖ്യാപിച്ചു.
വായനക്കാര്‍ക്ക് ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമിന്റെ ഹൃദ്യമായ ഈദ് ആശംസകള്‍.
പെരുന്നാള്‍ ദിനത്തിലെ ആരാധനകള്‍
1. ഫിഥര്‍ സകാത്ത്
ഇത് രാവിലെ പെരുന്നാള്‍ നിസ്‌കാരത്തിനു മുമ്പുതന്നെ കൊടുത്തുവീട്ടണം. നിസ്‌കാരത്തെക്കാള്‍ പിന്തിക്കല്‍ കറാഹത്തും പെരുന്നാള്‍ പകലിനെ വിട്ടു പിന്തിക്കല്‍ ഹറാമുമാണ്. പിന്തിച്ചാല്‍ കടം വീട്ടല്‍ നിര്‍ബന്ധവുമാണ്. ഓരോരുത്തരും തനിക്കംതാന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ആളുകള്‍ക്കും വേണ്ടി ഫിഥര്‍ സക്കാത്ത് കൊടുക്കേണ്ടതാണ്. നാട്ടിലെ പ്രധാന ആഹാര സാധനങ്ങളാണ് കൊടുക്കേണ്ടത്. ഉദാഹരണത്തിന് നമ്മുടെ നാട്ടില്‍ അരി. ഒരാള്‍ക്കു വേണ്ടി ഒരു സ്വാഅ് കൊടുക്കണം. ഇത് ലിറ്റര്‍ കണക്കില്‍ സുമാര്‍ മൂന്നു ലിറ്ററും ഇരുന്നൂറ് മില്ലി ലിറ്ററും വരും. (ഏകദേശം 2 കിലോയും 800 ഗ്രാമും) സക്കാത്ത് വാങ്ങാന്‍ അര്‍ഹരായ ആളുകള്‍ക്ക് തന്നെയാണ് ഫിഥര്‍ സക്കാത്തും നല്‍കേണ്ടത്. എന്നാല്‍, ഫിഥര്‍ സക്കാത്ത് കൊടുക്കാനുള്ള ബാധ്യതയുണ്ടാകണമെങ്കില്‍ ധന സക്കാത്തിന് ബാധ്യതയുള്ള ആളായിരിക്കണമെന്നില്ല. പെരുന്നാള്‍ പകലിലെയും തുടര്‍ന്നുവരുന്ന രാത്രിയിലെയും ആഹാര ചെലവുകള്‍, വസ്ത്രം, പാര്‍പിടം, ഭൃത്യന്‍, കടം എന്നിവ കഴിച്ച് ബാക്കി വരുന്നവരെല്ലാം ഫിഥര്‍ സക്കാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരാണ്. (കടം കണക്കിലെടുക്കേണ്ടതില്ലെന്നും അഭിപ്രായമുണ്ട്.) ആര്‍ക്കുവേണ്ടിയാണോ കൊടുക്കുന്നത് ആ ആള്‍ ഉള്ളിടത്താണ് വിതരണം ചെയ്യേണ്ടത്. ഉദാഹരണമായി ഭാര്യ നാട്ടിലും ഭര്‍ത്താവ് ഗള്‍ഫിലുമാണെങ്കില്‍ ഭാര്യയുടെത് നാട്ടിലും ഭര്‍ത്താവിന്റെത് ഗള്‍ഫിലും കൊടുക്കണം.
2. പെരുന്നാള്‍ നിസ്‌കാരം
റകഅത്തുകള്‍ രണ്ട്. സൂര്യോദയം മുതല്‍ മധ്യാഹ്നം വരെയ സമയം. ആദ്യത്തെ റകഅത്തില്‍ വജ്ജഹ്തുവിന് ശേഷം ഫാതിഹാക്കു മുമ്പ് ഏഴു തക്ബീറുകള്‍ ചൊല്ലണം. രണ്ടാമത്തെ റക്അത്തില്‍ ഫാത്തിഹഹാക്കു മുമ്പു ഉയര്‍ച്ചക്കു വേണ്ടിയുള്ള തക്ബീറിനു ശേഷം അഞ്ചു തക്ബീറുകളും വേണം. ഇമാമിനെപോലെത്തന്നെ മഅ്മൂമുകളും പ്രസ്തുത തക്ബീറുകള്‍ ഉറക്കെയാണ് പറയേണ്ടത്. ഈ തക്ബീറുകള്‍ക്കിടയില്‍ 'സുബ്ഹാനല്ലാഹി വല്‍ഹംദു ലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ വലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്' എന്നു പറയല്‍ നല്ലതാണ്. പെരുന്നാള്‍ നിസ്‌കാരത്തിനു ശേഷമാണ് പെരുന്നാള്‍ ഖുഥുബ.
(കടപ്പാട്: അഫ്സല്‍ മെട്ടമ്മല്‍)