സാഹിത്യ സംവാദം ശ്രദ്ധേയമായി
ദുബൈ: വര്‍ഗീയത ആത്മീയത നഷ്ടപ്പെട്ട മതമാണെന്ന് കവി സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. വിമതദേശീയ വാദനങ്ങളെ നേരിടേണ്ടത് വര്‍ഗീയ സന്ദര്‍ഭങ്ങളെ അഭിമുഖീകരിച്ചവരുടെ ദര്‍ശനങ്ങളിലൂടെയാണ്. നാം യഥാര്‍ഥ വിശ്വാസികളായി നമ്മുടെ പാരമ്പര്യത്തെയും കൂടുതല്‍ അറിയുകയും ഉള്‍കൊള്ളുകയും ചെയ്യുക. 'ഗുജറാത്ത് എന്ന കവിതയെഴുതിയപ്പോള്‍ ആര്‍എസ്എസുകാരില്‍നിന്നും കടുത്ത വിമര്‍ശനമേറ്റുവാങ്ങേണ്ടി വന്നു. സത്യം പറയുക, ഇരകളുടെ ഒപ്പം നില്‍ക്കുക എന്നത് എഴുത്തുകാരന്‍ പുലര്‍ത്തേണ്ട അടിസ്ഥാന തത്ത്വമാണ്. സിറാജ് ദിനപത്രം ദുബൈ മര്‍കസില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ 'കേരളീയ സാംസ്‌കാരികതയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മീയ ചിന്തകര്‍ക്ക് മറ്റു മതങ്ങളിലുള്ളവരെ ശത്രുവായി കാണാനാകുമെന്നു തോന്നുന്നില്ല. മതദര്‍ശനങ്ങള്‍ മനുഷ്യരെ ഭിന്നിപ്പിക്കുകയല്ല. സാഹോദര്യമാണ് അവ പഠിപ്പിക്കുന്നത്. സങ്കുചിത ദേശീയവാദമാണ് ഹിന്ദു ദേശീയവാദം. ജര്‍മനിയില്‍ ഉയര്‍ന്നു വന്ന നാസിസത്തിന്റെ സ്വഭാവവിശേഷം തന്നെയാണ് ഹൈന്ദവതയിലുള്ളത്. വംശീയതയും അസഹിഷ്ണുതയുമാണത്. മധ്യവര്‍ഗങ്ങളിലാണ് അതിന്റെ വേര്. സാമൂഹിക സമത്വം എന്ന ആശയത്തോടുള്ള വിരോധമാണ് ഇവര്‍ പുലര്‍ത്തുന്നത്. മൂലനധനത്തോടുള്ള താത്പര്യം, പ്രതീകവ്യവസ്ഥയെ സ്വന്തം പ്രതീകമാക്കി അവതരിപ്പിക്കുക, ചരിത്രവ്യവസ്ഥയെ തിരുത്തുക, സാംസ്‌കാരിക സ്വാതന്ത്ര്യത്തിന് എതിരായ കയ്യേറ്റങ്ങള്‍, സ്വാതന്ത്ര്യ ചിഹ്‌നങ്ങളെ ആക്രമിക്കുക എന്നിവയെല്ലാം ഹൈന്ദവയുടെ അജണ്ടകളാണ്.
അനേകം മതങ്ങള്‍ ഇഴുകിച്ചേര്‍ന്ന സംസ്‌കാര രീതിയായിരുന്നു ഇന്ത്യയിലേത്. അതിനുമുകളില്‍ ഹിന്ദുത്വമെന്ന പേര് കൃത്രിമമായി ഉണ്ടാക്കുകയായിരുന്നു. ജാതി പീഡനത്തിന് ഇരകളാകുന്നവരാണ് മതപരിവര്‍ത്തനത്തിന് വിധേയരാകുന്നത് എന്നു തിരിച്ചറിഞ്ഞ് സ്വന്തം ശുദ്ധീകരണത്തിനു പകരം മറ്റുള്ളവരെ ആക്രമിക്കാനാണ് ഹൈന്ദവ ദേശീയത ശ്രമിക്കുന്നത്.
ദക്ഷിണേന്ത്യന്‍ സാഹിത്യത്തില്‍ ഭാഷകളുടെ ഇഴയടുപ്പം എന്ന വിഷയത്തില്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേകാവും തമിഴ് എഴുത്തുകാരനുമായ തോപ്പില്‍ മുഹമ്മദ് മീരാന്‍ പ്രഭാഷണം നടത്തി. ഇരുവരും സദ്യസരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. സിറാജ് ഗള്‍ഫ് ചീഫ് എഡിറ്റര്‍ നിസാര്‍ സെയ്ദ് അധ്യക്ഷത വഹിച്ചു. സി പി സൈതലവി, കെ എം അബ്ബാസ്, ശരീഫ് കാരശ്ശേരി, ഒ എം തരുവണ സംസാരിച്ചു.
.