എമിറെറ്റ്സ് ഐ.ഡി:
സാവകാശം അനുവദിച്ചു.
ദുബായ്: യുനൈറ്റഡു അറബ് എമിറെറ്റ്സിലെ ജനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡായ എമിറെറ്റ്സ് ഐ.ഡിക്ക് വേണ്ടി അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി വീണ്ടും നീട്ടിയതായി അതികൃതര്‍ അറിയിച്ചു.
2010 ഡിസ: 31 ആയിരുന്നു ആദ്യം അവസാന തിയ്യതിയായി പ്രഖ്യാപിച്ചിരുന്നതെങ്കിലും, ഇപ്പോള്‍ വിസ പുതുക്കും വരെ സാവകാശം അനുവദിച്ചതായി കഴിഞ്ഞ ദിവസം അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. ഡിസ: 31 നകം എമിറെറ്റ്സ് ഐ.ഡിക്ക് അപേക്ഷിച്ചില്ലെങ്കില്‍ വന്‍ തുക പിഴ അടക്കേണ്ടി വരുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ടൈപിംഗ് സെന്ററുകളില്‍ അഭൂത പൂര്‍വ്വമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
രാജ്യത്തെ അംഗീകൃത ഏജന്‍സികളില്‍ ചെന്ന് ഒറിജിനല്‍ പാസ്പോര്‍ട്ടും അപേക്ഷാ ഫോറവും സര്‍വീസ് ചാര്‍ജ്ജും നല്‍കിയാല്‍ അധികൃതര്‍ നല്‍കുന്ന അപ്പോയിമെന്റ്റ് ഡേറ്റ് അനുസരിച്ച് ഏജന്‍സി മുമ്പാകെ ഹാജരായി ഐ.ഡി കരസ്ഥമാക്കാവുന്നതാണ്. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് രണ്ടും മൂന്നും മാസം കഴിഞ്ഞുള്ള അപ്പോയിമെന്റ്റ് ഡേറ്റ് ആണ് നല്‍കിക്കൊണ്ടിരിക്കുന്നത്. മൂന്നു വര്‍ഷത്തെ വിസയുള്ളവര്‍ക്ക് 370 ദിര്‍ഹവും, രണ്ടു വര്‍ഷത്തേക്ക് 270 ദിര്‍ഹവും, ഒരു വര്‍ഷത്തേക്ക് 170 ദിര്‍ഹവും ആണ് എമിറെറ്റ്സ് ഐ.ഡി ചാര്‍ജ്ജ്.